Kerala
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാന യാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്ര മുടങ്ങിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
വിമാനത്താവളത്തിൽ നേരത്തെ എത്തിയിട്ടും യാത്ര മുടങ്ങുകയായിരുന്നു. സംഭവത്തിൽ ഡൽഹി കേരള ഹൗസിൽ ചേർന്ന യോഗത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന പ്രതിപക്ഷനേതാവ് ബോർഡിംഗ് ഗേറ്റിന് സമീപം എത്തുമ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു.
വിഐപി പരിഗണന പ്രകാരം വിമാനത്താവളത്തിനുള്ളിൽ ലഭ്യമാകേണ്ട ബഗ്ഗി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൃത്യസമയത്ത് ഉറപ്പാക്കുന്നതിൽ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തൽ. കൂടാതെ വിമാനക്കമ്പനി അധികൃതരുമായി കൃത്യമായ ആശയവിനിമയം നടത്തുന്നതിലും ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചു.
സംഭവത്തിൽ അഡീഷണൽ റെസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രോട്ടോക്കോൾ വിഭാഗത്തിൽപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരിൽ നിന്നും രേഖാമൂലം വിശദീകരണം തേടിയിട്ടുണ്ട്.
Kerala
ന്യൂഡൽഹി: പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് മടങ്ങാനിരുന്ന പിണറായി വിജയന്റെ യാത്ര മണിക്കൂറുകളോളം വൈകിയ സംഭവത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടായേക്കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. റെസിഡന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ തുടർനടപടികൾ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
പ്രോട്ടോക്കോൾ വിഭാഗത്തിന് സംഭവിച്ച ഗുരുതരമായ അനാസ്ഥ കാരണം നാല് മണിക്കൂറിലധികമാണ് പിണറായി വിജയന്റെ യാത്ര വൈകിയത്. ഡൽഹിയിൽ നിന്ന് ഉച്ചയ്ക്ക് 2.50-ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര തിരിക്കേണ്ടിയിരുന്നത്. ഇതിനായി പി.ബി യോഗം അവസാനിക്കുന്നതിന് മുൻപ് തന്നെ പാർട്ടി ആസ്ഥാനത്തുനിന്നിറങ്ങി കേരള ഹൗസിലെത്തി ഉച്ചഭക്ഷണവും കഴിഞ്ഞാണ് അദ്ദേഹം വിമാനത്താവളത്തിൽ എത്തിയത്.
എന്നാൽ വിമാനത്താവളത്തിലെ ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന് ബോർഡിംഗ് ആരംഭിച്ച വിവരം കൃത്യസമയത്ത് ലഭിച്ചില്ല. പിണറായി വിജയൻ യാത്ര ചെയ്യുന്ന വിവരം പ്രോട്ടോക്കോൾ വിഭാഗം വിമാനക്കമ്പനിയെ മുൻകൂട്ടി അറിയിക്കാതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് പിന്നീട് വ്യക്തമായി. അതേസമയം, യാത്രയെക്കുറിച്ച് ഇൻഡിഗോ അധികൃതരെ അറിയിച്ചിരുന്നുവെന്നും എന്നാൽ അവർ കൃത്യമായ സമയവിവരം കൈമാറിയില്ലെന്നുമാണ് കേരള ഹൗസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
കോഴിക്കോട് വിമാനം നഷ്ടമായതിനെ തുടർന്ന്, പിന്നീട് രാത്രി 7.15-നുള്ള വിമാനത്തിലാണ് അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഈ വിമാനവും 25 മിനിറ്റോളം വൈകിയാണ് സർവീസ് നടത്തിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Kerala
തിരുവനന്തപുരം: എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ മകൾ വീണ പ്രതിയായാൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയും. ഇതുസംബന്ധിച്ച ചർച്ചകൾ സിപിഎം നേതൃതലത്തിൽ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി വീണ ഇഡിക്കു മുന്നിൽ വീണ്ടും ഹാജരായതു പിണറായി വിജയനെ മാത്രമല്ല പാർട്ടി നേതൃത്വത്തെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
നേരത്തേ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ലഹരിക്കേസിൽപ്പെട്ട് ജയിലിലായപ്പോൾ അദ്ദേഹം സെക്രട്ടറി സ്ഥാനത്തു നിന്നും മാറിനിന്നിരുന്നു. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കെ മകൾ കേസിൽ പ്രതിയായാൽ പിണറായി വിജയനു പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയേണ്ടിവരും.
നേരത്തേ വീണ താമസിക്കുന്ന തിരുവനന്തപുരത്തെ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിൽ പ്രതികൾ ഇപ്പോഴും ജയിലിലാണ്. ഒരാൾക്കു മാത്രമാണു ജാമ്യം ലഭിച്ചത്. അന്നത്തെ സംഭവം നടക്കാൻ പാടില്ലായിരുന്നുവെന്ന അഭിപ്രായമുള്ളവർ സിപിഎം നേതൃത്വത്തിൽ ഏറെയുണ്ടെങ്കിലും അവരാരും പാർട്ടി വേദികളിൽ പോലും പ്രതികരിച്ചു കണ്ടില്ല.
ഇപ്പോൾ ഈ കേസിൽ ഇഡിയും കക്ഷി ചേരാൻ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ കേസിലെ പ്രതികൾക്ക് അടുത്തകാലത്തൊന്നും ജാമ്യം കിട്ടാനും ഇടയില്ല. ഇതു സിപിഎം നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും.
പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും മാറിയാൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ. ബാലഗോപാൽ ആ സ്ഥാനത്തെത്തും. നിലവിൽ നിയമസഭയിൽ സിപിഎം നിരയിൽ ബാലഗോപാൽ മാത്രമാണു കേന്ദ്ര കമ്മിറ്റി അംഗമായിട്ടുള്ളത്.
തെരഞ്ഞെടുപ്പു തോൽവിയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പാർട്ടി ബ്രാഞ്ച് മുതൽ സംസ്ഥാന കമ്മിറ്റി വരെ ഏറെ വിമർശിക്കപ്പെട്ടിരുന്നു. പിണറായി പ്രതിപക്ഷ നേതാവായതിലും കമ്മിറ്റികളിൽ വിമർശനമുണ്ടായി. സിപിഎം പോളിറ്റ്ബ്യൂറോയിലും എതിർപ്പുണ്ടായി. പിണറായി വിജയനു വേണ്ടി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിക്കു പാർട്ടി പിബിയിൽ വോട്ടെടുപ്പു വരെ നടത്തേണ്ടി വന്നു.
മാസപ്പടി കേസിൽ മകൾ പ്രതിയായാൽ ഉറപ്പായും പിണറായി വിജയനോടു പാർട്ടി കേന്ദ്ര നേതൃത്വം പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും മാറാൻ ആവശ്യപ്പെടും.
ആരോഗ്യ കാരണങ്ങളാൽ ഇടതുമുന്നണി കണ്‍വീനർ സ്ഥാനത്തുനിന്ന് ഒഴിയാൻ ടി.പി.രാമകൃഷ്ണൻ താത്പര്യം പ്രകടിപ്പിച്ചെന്നാണു വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നുമില്ല.
Kerala
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവിൽ സ്വകാര്യ കരിമണൽ ലോബിയെ കൂടി ഗുണഭോക്താക്കളാക്കാൻ കളമൊരുക്കിയ നടപടി സ്വീകരിച്ചത് എൽഡിഎഫ് സർക്കാരാണെന്ന വസ്തുത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിസ്മരിക്കരുതെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ.
കുട്ടനാട്ടിലെ പ്രളയക്കെടുതികൾക്ക് പരിഹാരമെന്ന പേരിൽ തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴിമുഖത്തു നിന്നു കരിമണൽ നീക്കാനുള്ള കരാർ ഒരുക്കിയത് പിണറായി സർക്കാരുകളാണെന്ന് സുധീരൻ ആരോപിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ-സിപിഎം ബന്ധം തർന്നതോടെ ഇരുപാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ ഡിഎംകെ മുഖപത്രമായ മുരശൊലിയിൽ കടുത്ത ഭാഷയിലുള്ള ലേഖനപരമ്പരയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
കേരളത്തിലെ പിണറായി വിജയന്റെ പത്തുവർഷത്തെ ഭരണം കനത്ത പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നത്. വിഴിഞ്ഞം പദ്ധതി ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൗതം അദാനിക്കുമൊപ്പം പിണറായി വിജയൻ ചിരിച്ചുനിൽക്കുന്ന ചിത്രം സഹിതമാണ് മുരശൊലിയിലെ ലേഖനം.
കേരളത്തിൽ ഇടതുസർക്കാരിനെ ജനം വലിച്ചെറിഞ്ഞത് എന്തുകൊണ്ടാണെന്ന് ലേഖനത്തിൽ ചോദിക്കുന്നുണ്ട്. നവകേരള യാത്രയേയും മുൻ വ്യവസായ മന്ത്രി പി. രാജീവിനെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. സിപിഎമ്മിന്റെ യഥാർത്ഥ സാമ്പത്തിക നയം എന്താണെന്ന് ചോദിക്കുന്ന ഡിഎംകെ സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ്.
അതേസമയം ഡിഎംകെയുടെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി തമിഴക വെട്രി കഴകം രംഗത്തെത്തി. എം.കരുണാനിധി ജീവിച്ചിരുന്നെങ്കിൽ സ്വന്തം മുന്നണിയിലെ സഖ്യകക്ഷിക്കെതിരെ ഇങ്ങനെ എഴുതാൻ സമ്മതിക്കില്ലായിരുന്നുവെന്ന് മന്ത്രി രാജ്മോഹൻ പറഞ്ഞു.
Kerala
കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം പിണറായി സർക്കാരിലേക്കും നീളും. വീണാ ടിക്ക് സിഎംആർഎൽ കരാർ എങ്ങനെ ലഭിച്ചു എന്നതിൽ അന്വേഷണമുണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
വീണയ്ക്ക് നൽകിയ മാസപ്പടിക്ക് പിന്നിൽ സിഎംആർഎല്ലിന് സർക്കാരിൽ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളെന്ന നിഗമനത്തിലൂന്നിയാണ് അന്വേഷണം. കരാറിൽ ആസ്വഭാവികത ഉണ്ടെന്നാണ് ഇഡി വിലയിരുത്തൽ. കരാറിലെ അഴിമതി കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഒന്നാം പിണറായി സർക്കാരും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകളിലാണ് അന്വേഷണം നടക്കുക. വീണയുടെ മൊഴിയിൽ അവ്യക്തത തുടരുകയാണ്. കരാർ ലഭിച്ചതിൽ ആസ്വഭാവികതയില്ലെന്നാണ് വീണ വ്യക്തമാക്കുന്നത്. എന്നാൽ, ഇഡി വീണയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. വീണ ടിയുടെ മൂന്നാം ഘട്ട ചോദ്യം ചെയ്യൽ ഉടനെയുണ്ടാകും. വ്യാഴാഴ്ച 10 മണിക്കൂറാണ് വീണയുടെ ചോദ്യം ചെയ്യൽ നീണ്ടുനിന്നത്.
ഈ മാസം 29നായിരുന്നു രണ്ടാമതും ചോദ്യം ചെയ്യലിനായി തീരുമാനിച്ചിരുന്നതെങ്കിലും എസ്എഫ്ഐഒ അനുബന്ധ രേഖകൾ കിട്ടിയതോടെ വെള്ളിയാഴ്ച ഹാജരാകാൻ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച് വീണയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് രാവിലെ ഒന്‍പതരയോടെയാണ് ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പം വീണ എത്തിയത്.
Kerala
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ് സര്‍ക്കാരെന്ന സുധീരന്റെ ആരോപണത്തിന് പിന്നാലെയാണ് വിമർശനവുമായി പിണറായി രംഗത്തെത്തിയത്.
സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസാണെന്ന് പിണറായി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുമേഖലയിൽ അധിഷ്ഠിതമായ റെയര്‍ എര്‍ത്ത് ഇടനാഴിയെന്ന എൽഡിഎഫ് ആശയത്തെ അട്ടിമറിച്ച് സ്വകാര്യ വത്കരണനീക്കത്തിനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പിണറായി സുധീരനെ തള്ളി രംഗത്തുവന്നത്.
പോസ്റ്റിന്റെ പൂർണരൂപം;
കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഡിഎഫ് സർക്കാരാണെന്ന ശ്രീ. വി.എം. സുധീരന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. നിലവിലെ യുഡിഎഫ് സർക്കാരിന്റെ കരിമണൽ ഖനന നയത്തെ അതിശക്തമായി വിമർശിച്ചവേളയിലാണ് വസ്തുതകൾക്കു നിരക്കാത്ത ഇങ്ങനെയൊരു പരാമർശം അദ്ദേഹത്തിൽ നിന്നുണ്ടായത്.
സ്വകാര്യ മേഖലയ്ക്ക് ഖനനം നടത്താനുള്ള അധികാരം ആദ്യമായി നൽകിയത് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരായിരുന്നു. ഇതിനെ പിൻപറ്റി 2001-2006 കാലഘട്ടത്തിൽ കേരളം ഭരിച്ച എ.കെ. ആന്റണി - ഉമ്മൻ ചാണ്ടി സർക്കാരുകളാണ് സംസ്ഥാനത്ത് കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കാൻ അനുമതി നൽകിയത്. സുനാമി ദുരന്തത്തിന് ശേഷം ശക്തമായ ജനകീയ പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടും അവയെയെല്ലാം അവഗണിച്ചുകൊണ്ട് സ്വകാര്യ മേഖലയിലെ ഖനന തീരുമാനങ്ങളുമായി മുന്നോട്ടുപോകാനാണ് അന്ന് യുഡിഎഫ് സർക്കാർ ശ്രമിച്ചത്.
എന്നാൽ, 2006 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ സ്വകാര്യ കരിമണൽ ഖനനത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. ഇതിനെതിരെ കരിമണൽ കമ്പനികൾ കേന്ദ്ര മൈനിങ് വകുപ്പിനെ സമീപിച്ച് അപ്പീൽ നൽകിയപ്പോൾ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും കരിമണൽ ലോബിക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാടുണ്ടായിട്ടും കേരളത്തിലെ എൽഡിഎഫ് സർക്കാർ സ്വകാര്യ ഖനനത്തിന് വഴങ്ങിയില്ല. ഇതോടെ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കരിമണൽ കമ്പനികൾക്ക് ഹൈക്കോടതിയെ സമീപിക്കേണ്ട നിലയുണ്ടായി.
പിന്നീട് 2011 ൽ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ കമ്പനികൾ നൽകിയ ഈ കേസ് മനഃപൂർവ്വം തോറ്റുകൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. എങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾ കാരണം വിചാരിച്ച രീതിയിൽ സ്വകാര്യ ഖനന തീരുമാനം നടപ്പിലാക്കാൻ അന്നത്തെ യുഡിഎഫ് സർക്കാരിന് സാധിച്ചില്ല.
2016 ൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയും 2026 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ഒരിടത്തുപോലും സ്വകാര്യ ഖനനത്തിന് അനുമതി നൽകാതിരിക്കുകയും ചെയ്തു. 2023 ൽ കേന്ദ്ര സർക്കാർ മൈനർ മിനറൽ ലൈസൻസിങ് നിയമത്തിൽ കരിമണൽ ലോബിക്ക് ഗുണം ചെയ്യുന്ന രീതിയിൽ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ ഏറ്റവും ശക്തമായി എതിർത്തത് കേരളത്തിലെ എൽഡിഎഫ് സർക്കാരായിരുന്നു. കേരളത്തിന്റെ ഔദ്യോഗികമായ എതിർപ്പിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന് പിന്നീട് ആ നിയമഭേദഗതി പിൻവലിക്കേണ്ടി വന്നത്.
കഴിഞ്ഞ 10 വർഷമായി കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. പൊതുമേഖലാ അധിഷ്ടിതമായ റെയർ എർത്ത് ഇടനാഴി എന്ന ആശയത്തെയാണ് അവസാനത്തെ എൽഡിഎഫ് സർക്കാർ മുന്നോട്ടു വെച്ചത്. ഇതിനെ അട്ടിമറിച്ചുകൊണ്ട്, കേന്ദ്രസർക്കാരിന്റെ പാതയിൽ സ്വകാര്യവൽക്കരണത്തിനുള്ള നീക്കത്തിനാണ് ഈ ബജറ്റിൽ യുഡിഎഫ് സർക്കാർ ശ്രമിച്ചത്. റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ കോറിഡോർ എന്ന ബജറ്റ് നിർദ്ദേശം കരിമണൽ ലോബിയുടെ താല്പര്യമാണ് എന്നു വ്യക്തമാണ്.
എക്കാലവും കരിമണൽ ലോബിയെ സഹായിക്കുന്ന നിലപാടുകൾ സ്വീകരിച്ചത് യുഡിഎഫ് സർക്കാരുകളായിരുന്നു എന്നത് ഈ നാടിനറിയുന്ന യാഥാർത്ഥ്യമാണ്. ഈ വിഷയത്തിൽ യുഡിഎഫ് സർക്കാരുകൾക്കെതിരെ മുൻപ് ശ്രീ സുധീരൻ തന്നെ മുന്നോട്ടുവന്നതുമാണ്. ഇപ്പോൾ ഇതേ വിഷയത്തിൽ സ്വന്തം മുന്നണി സർക്കാരിനെ വിമർശിച്ചതിനെ ബാലൻസു ചെയ്യാനുള്ള ശ്രമമായിട്ടാവാം ചരിത്രവിരുദ്ധമായ പ്രസ്താവനകൾ ശ്രീ വിഎം സുധീരനിൽ നിന്നുണ്ടാകുന്നത്.
Kerala
തിരുവനന്തപുരം: തന്നെ എംഎൽഎ ആക്കിയത് രക്ഷാപ്രവർത്തനമെന്ന് എഡി തോമസ് എംഎൽഎ. നിയമസഭയിലെ പ്രസംഗത്തിനിടെയായിരുന്നു എംഎൽഎയുടെ പരാമർശം.
ആലപ്പുഴ നഗരത്തിലിട്ട് തന്നെയും അജയ് കുര്യാക്കോസിനെയും പട്ടിയെ തല്ലും പോലെ തല്ലി. എന്നാൽ അങ്ങനെ ഒന്നും നടന്നിട്ടില്ലെന്നാണ് അന്നത്തെ മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. പിന്നീട് അത് രക്ഷാപ്രവർത്തനം ആണെന്ന് പറഞ്ഞു. നിരവധി യുവാക്കളുടെ തലയാണ് ആ സർക്കാരിന്റെ കാലത്ത് തല്ലിപ്പൊളിച്ചതെന്നും എംഎൽഎ വ്യക്തമാക്കി.
ആയിരക്കണക്കിന് അമ്മമാരുടെ കണ്ണുനീർ കേരളത്തിന്റെ തെരുവുകളിൽ അന്ന് വീണിട്ടുണ്ട്. ആ അമ്മമാരുടെ കണ്ണുനീർ നിങ്ങളെ വിടാതെ പിന്തുടരുമെന്നും എ.ഡി.തോമസ് പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിലൂടെ യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് മുന്നിൽ ലജ്ജാകരമായി കീഴടങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻ എൽഡിഎഫ് സർക്കാർ ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് മുന്നോട്ട് പോകുകയല്ലാതെ മറ്റ് വഴികളില്ലെന്ന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ വാദങ്ങളെ ശക്തമായി എതിർത്ത പ്രതിപക്ഷം, സഭ ബഹിഷ്കരിക്കുകയും ചെയ്തു.
2025 ഒക്ടോബറിൽ ധാരണാപത്രം ഒപ്പിട്ടെങ്കിലും കഴിഞ്ഞ എൽഡിഎഫ് സർക്കാർ അത് 20 ദിവസത്തിനകം മരവിപ്പിച്ച് കേന്ദ്രത്തിന് കത്തയച്ചിരുന്നു. കേരളത്തിൽ പദ്ധതി നടപ്പിലായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ തന്നെ സുപ്രീംകോടതിയിൽ സമ്മതിച്ചതാണ്. ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് മാത്രം പദ്ധതിയാകില്ല. ഓരോ ബ്ലോക്കിലും രണ്ട് സ്കൂളുകൾ വീതം തെരഞ്ഞെടുക്കുക, സ്കൂൾ വിവരങ്ങൾ പോർട്ടൽ വഴി കേന്ദ്രത്തെ അറിയിക്കുക, മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കുക തുടങ്ങിയ യാതൊരു തുടർനടപടികളും കഴിഞ്ഞ സർക്കാർ ചെയ്തിട്ടില്ല.
പുതിയ സർക്കാർ വിചാരിച്ചാൽ മാത്രമേ ഈ പദ്ധതി ഇനി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. എന്നാൽ ആർഎസ്എസ് അജണ്ടകൾക്ക് മുന്നിൽ കീഴടങ്ങി, പദ്ധതി രഹസ്യമായി നടപ്പിലാക്കാനുള്ള കരുക്കളാണ് സർക്കാർ ഇപ്പോൾ നീക്കുന്നത്. "അധികാരത്തിൽ വന്നാൽ ഒഴുക്കിക്കളയും" എന്ന് വീരവാദം പറഞ്ഞവർ എവിടെപ്പോയെന്നും പിണറായി വിജയൻ ചോദിച്ചു.
Kerala
തിരുവനന്തപുരം: ചാർട്ടർ ചെയ്ത വിമാനത്തിൽ വി.ഡി. സതീശൻ മംഗലാപുരത്തേക്കു നടത്തിയ യാത്രയും പിണറായി വിജയൻ തിങ്കളാഴ്ച നിയമസഭയിൽ കൊണ്ടു വന്ന കുപ്പിയിലെ ചെളിവെള്ളവുമായിരുന്നു ഇന്നലെ നിയമസഭയിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
അദാനി കണക്ഷൻ പറഞ്ഞു സതീശനെ കുടുക്കാൻ പ്രതിപക്ഷം ശ്രമിച്ചപ്പോൾ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിങ്കളാഴ്ച സഭയിൽ കൊണ്ടു വന്ന ചെളിവെള്ളത്തിന്റെ കഥ പറഞ്ഞ് പ്രതിപക്ഷത്തെ ചൊറിയാനായിരുന്നു ഭരണപക്ഷത്തെ ചെറുപ്പക്കാർ ശ്രമിച്ചത്.
സതീശന്റെ മംഗലാപുരം യാത്രയുടെ അദാനി കണക്ഷൻ പ്രതിപക്ഷത്തു നിന്നു പ്രസംഗിച്ചവരെല്ലാം ആവർത്തിച്ചു. വിഡി-മോദി-അദാനി ഡീൽ എന്നാണ് പ്രതിപക്ഷത്തു നിന്നു പ്രസംഗിച്ച സേവ്യർ ചിറ്റിലപ്പിള്ളി ഈ സംഭവങ്ങളെയാകെ വിശകലനം ചെയ്ത ശേഷം വിശേഷിപ്പിച്ചത്. ചാർട്ടേർഡ് വിമാനത്തിൽ മംഗലാപുരത്തിനു പോയത് വ്യക്തിപരമായ ആവശ്യത്തിനാണെന്നാണ് സതീശൻ വ്യക്തമാക്കിയത്. ബജറ്റ് വന്നപ്പോഴാണ് യഥാർഥ കാരണം മനസിലായത്.
ധനവകുപ്പും തുറമുഖ വകുപ്പും മുഖ്യമന്ത്രി പിടിച്ചു വച്ചതിനു പിന്നിലും സേവ്യർ അദാനി കണക്ഷൻ കണ്ടു. പാർട്ടിയിലെ മുതിർന്നവരെ വെട്ടി സതീശൻ മുഖ്യമന്ത്രി ആയതിനു പിന്നിലും ഇതേ കണക്ഷൻ തന്നെ സേവ്യർ കണ്ടെത്തി. ഖനനം സ്വകാര്യവത്കരിക്കാനുള്ള നീക്കം പി.കെ. കുഞ്ഞാലിക്കുട്ടി അറിഞ്ഞോ എന്നു സേവ്യർ ചോദിച്ചതിനു പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്. യുഡിഎഫിനുള്ളിൽ ചെറിയൊരു കലഹമുണ്ടാക്കാനായാൽ അത്രയും നല്ലതല്ലേ.
വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകാനുള്ള നീക്കം ഒരു പ്രത്യേക കന്പനിയെ സഹായിക്കാനാണെന്ന ആരോപണം മുഹമ്മദ് മുഹസിൻ ആവർത്തിച്ചു. സതീശന്റെ മംഗലാപുരം യാത്രയെ ഈ ഡീലുമായി ബന്ധിപ്പിക്കാനായിരുന്നു മുഹസിൻ ശ്രമിച്ചത്. വീര്യം കുറഞ്ഞ മദ്യം ഹലാൽ അല്ലേ എന്ന് കുഞ്ഞാലിക്കുട്ടിയോടു ചോദിക്കുകയും ചെയ്തു. ഇന്ദിരാ ഗാരന്റിയുടെ മറവിൽ മോദി ഗാരന്റിയാണു നടപ്പിലാക്കുന്നതെന്നും മുഹസിൻ ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യത്തിനു വേണ്ടിയുള്ള നീക്കം ഒരു രണ്ടാം ബാർക്കോഴയിലേക്കാണോ പോകുന്നതെന്ന സംശയമായിരുന്നു വി. മുരളീധരന്.
സതീശൻ സർക്കാർ ആകാശവും കരയും കടലുമെല്ലാം കച്ചവടമാക്കാനാണു ശ്രമിക്കുന്നതെന്ന് എ. പ്രഭാകരൻ പറഞ്ഞു. ഇനി അവശേഷിക്കുന്നത് മേഘവും കാറ്റുമാണ്. അതും കുപ്പിയിലാക്കി വിൽക്കാൻ സാധിക്കുമോ എന്നു സർക്കാർ നോക്കുമെന്നായിരുന്നു പ്രഭാകരന്റെ പരിഹാസം.
പിണറായി വിജയൻ സഭയിൽ കൊണ്ടുവന്ന ചെളി നിറഞ്ഞ കുപ്പിവെള്ളവും ചർച്ചയിൽ ഇടംപിടിച്ചു. എഐഎസ്എഫ് മാർച്ചിനു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ ചെളിവെള്ളമാണു ചീറ്റിച്ചതെന്നായിരുന്നു പിണറായി ആരോപിച്ചത്. എഐഎസ്എഫ് പ്രവർത്തകർ റോഡിലെ കുഴിയിൽ നിന്നു കുപ്പിയിൽ വെള്ളം നിറയ്ക്കുന്ന ഫോട്ടോ പത്രത്തിൽ പ്രസിദ്ധീകരിച്ചതു കാട്ടി കുഴിയിൽ നിന്നു വെള്ളമെടുത്താൽ ചെളിവെള്ളമല്ലേ കിട്ടൂ എന്നു വി.എസ്. ജോയി ചോദിച്ചത് സഭയിൽ ബഹളത്തിനിടയാക്കി.
പ്രതിപക്ഷത്തിനിപ്പോൾ അൽഷിമേഴ്സ് ബാധിച്ചിരിക്കുകയാണെന്നാണു ജോയിയുടെ കണ്ടെത്തൽ. വിഴിഞ്ഞത്ത് അദാനിയെ കൊണ്ടു വന്നവർ ഇപ്പോൾ അദാനിക്കെതിരേ സമരത്തിലാണ്. പിഎം ശ്രീയിൽ ഒപ്പുവച്ചവർ ഇപ്പോൾ പിഎം ശ്രീക്കെതിരേ പ്രതിഷേധത്തിലാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തിളപ്പിച്ചാറിച്ച വെള്ളം കൊണ്ടല്ല പോലീസ് കെഎസ്യുക്കാരെ നേരിട്ടതെന്നു സുധീർ ഷാ പാലോട് ഭരണപക്ഷത്തോടു പറഞ്ഞു.
കെഎസ്യു പ്രവർത്തകരെ പനിനീർ തെളിച്ചല്ല അന്നു വരവേറ്റതെന്ന് ഒട്ടേറെ സമരാനുഭവമുള്ള കെ.എം. അഭിജിത്തും പറഞ്ഞു. നവകേരള സദസിനെതിരേ പ്രതിഷേധിച്ചവരെ ചെടിച്ചട്ടിയും ഹെൽമെറ്റും വ്ച്ച ആക്രമിക്കുകയും മുഖ്യമന്ത്രിയുടെ ഗണ്മാൻ ഉൾപ്പെടെ ഇറങ്ങി ക്രൂരമായി മർദിക്കുകയും ചെയ്തപ്പോൾ അന്നത്തെ മുഖ്യമന്ത്രി അതിനെ രക്ഷാപ്രവർത്തനമെന്നാണു വിശേഷിപ്പിച്ചതെന്നു വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു. ഇപ്പോൾ ചെളിവെള്ള ആരോപണം വന്നപ്പോൾ, അന്വേഷിക്കാം എന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. അതാണു ഭരണം മാറിയപ്പോൾ ഉണ്ടായ മാറ്റമെന്നു വിദ്യ പറഞ്ഞു.
കെ റെയിൽ വരാത്തതിന്റെ പേരിൽ അപ്പം വിൽക്കാൻ പറ്റാതെ പോയ സ്ത്രീകൾക്ക് ഇപ്പോൾ കെഎസ്ആർടിസി ബസിൽ കയറി സൗജന്യമായി യാത്ര ചെയ്തു പോയി അപ്പം വിൽക്കാമെന്ന് ടി.ഒ. മോഹനൻ പരിഹസിച്ചു. കന്നി പ്രസംഗം നടത്തിയ ദേവികുളത്തിന്റെ പ്രതിനിധി എഫ്. രാജയുടെ കന്നിപ്രസംഗം തമിഴിലായിരുന്നു. പറഞ്ഞതെന്തെന്നു പിന്നീട് സഭയ്ക്കു പറഞ്ഞു കൊടുത്തത് മറ്റൊരു അതിർത്തി മണ്ഡലത്തിന്റെ പ്രതിനിധിയായ എ. പ്രഭാകരനാണ്.
കോഴിക്കോട് സൗത്തിന്റെ പ്രതിനിധിയായ മുസ്ലിംലീഗിലെ ഫൈസൽ ബാബുവിന്റെ കാവ്യാത്മകമായ പ്രസംഗം ശ്രദ്ധേയമായി. പ്രസംഗകലയിൽ ലീഗിന്റെ തന്നെ അബ്ദുൾ സമദ് സമദാനിക്കൊരു പിൻഗാമിയായി മാറും ഫൈസൽ എന്നു തോന്നിപ്പോയി.
ബജറ്റ് ചർച്ചയുടെ രണ്ടാം ദിവസമായ ഇന്നലെ ഇരുപത്തിയേഴു പേരാണു ചർച്ചയിൽ പങ്കെടുത്തത്. ഇന്നു മുഖ്യമന്ത്രിയുടെ മറുപടിയോടെ ബജറ്റ് പൊതുചർച്ച അവസാനിക്കും.
Kerala
തിരുവനന്തപുരം: മദ്യനികുതിയിളവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങൾ നിയമസഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച ബെക്കാർഡി അഴിമതി ആരോപണം ചട്ടവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മുൻകൂട്ടി നോട്ടീസ് നൽകാതെയാണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചതെന്നും ഭരണപക്ഷം ചൂണ്ടിക്കാട്ടി. വിഷയത്തിൽ ആവശ്യമായ പരിശോധന നടത്താമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയ്ക്ക് ഉറപ്പുനൽകി. നികുതിയിളവ് സംബന്ധിച്ച് അഴിമതി ആരോപണം പ്രതിപക്ഷം ഉന്നയിച്ചത് നിയമസഭാ ചട്ടങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ടാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു.
നോട്ടീസിൽ ഒരിടത്തും പരാമർശിക്കാത്ത വിഷയം സഭയിൽ ഉന്നയിച്ചത് ചട്ടവിരുദ്ധമാണ്. അതിനാൽ ഇത് സഭാ രേഖകളിൽ നിന്ന് പൂർണമായി നീക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷ ആരോപണം ഒരു കാരണവശാലും രേഖയിൽ കാണരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ പരിശോധിക്കും എന്നായിരുന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മറുപടി.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശത്തിന് പിന്നിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രസംഗിക്കവെയാണ് പ്രതിപക്ഷ നേതാവ് അഴിമതി ആരോപണം ഉയർത്തിയത്.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച ബജറ്റ് നടപടിയിൽ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബജറ്റ് പ്രഖ്യാപനത്തിന്റെ ഉദ്ധേശശുദ്ധിയെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് കർണാടകയിലെ സ്വകാര്യ മദ്യ കമ്പനിയെ സഹായിക്കാനാണ് ഈ തീരുമാനമെന്നും ആരോപിച്ചു.
എന്നാൽ ഈ വിഷയം സഭാനടപടികൾ നിർത്തിവച്ച ്അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നൽകിയില്ല. തുടർന്ന് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തി സ്പീക്കറുടെ ഡയസ് വളഞ്ഞ് മുദ്രാവാക്യങ്ങൾ മുഴക്കി.
2023 ലാണ് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് നികുതിയിളവിന് അപേക്ഷ നൽകിയത്. കഴിഞ്ഞ സർക്കാർ ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷം ശരവേഗത്തിൽ ഫയൽ നീക്കമുണ്ടായി. ഏഴ് ഉദ്യോസ്ഥർ ശര വേഗതയിൽ ഫയൽ കണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. പുതിയ സർക്കാർ വന്ന ശേഷം ഫയൽ നീക്കത്തിലുണ്ടായത് അസാധാരണ വേഗമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Kerala
തിരുവനന്തപുരം: വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സർക്കാരിൻ്റെ തീരുമാനത്തിനെതിരെ തുറന്ന കത്തുകളയക്കുന്ന വി.എം. സുധീരൻ സർക്കാരിന്റെ കാലനാണെന്ന് വെള്ളാപ്പള്ളി വിമർശിച്ചു.
കരിമണൽ ഖനന അനുമതി രാജ്യപുരോഗതിക്കെന്നും, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് പ്രോത്സാഹിപ്പിക്കണമെന്നും വെള്ളാപ്പള്ളി ഓർമപ്പെടുത്തി. അയ്യപ്പസംഗമത്തിൽ ഇരുനൂറു മീറ്റർ ദൂരം പിണറായി വിജയൻ തന്നെ കാറിൽ കയറ്റിയതിൽ എന്താണ് തെറ്റ്?.
പിണറായി തന്നെയും താൻ പിണറായിയേയും സ്നേഹിക്കുന്നതിൽ ചിലർക്ക് അസൂയയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു
Kerala
തിരുവനന്തപുരം: പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫിൽ വൻ അഴിച്ചുപണി. മുഖ്യമന്ത്രിയായിരുന്നപ്പോൾ കൂടെയുണ്ടായിരുന്ന രണ്ട് പ്രമുഖരെ ഒഴിവാക്കിയാണ് പുതിയ സ്റ്റാഫ് പട്ടിക പ്രഖ്യാപിച്ചത്. മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ, പ്രസ് സെക്രട്ടറി പി.എം. മനോജ് എന്നിവർക്ക് ഇത്തവണ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ സ്ഥാനമില്ല.
അഡ്വ. സി.പി.പ്രമോദാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പുതിയ പ്രൈവറ്റ് സെക്രട്ടറി. അതേസമയം മാധ്യമ ഉപദേഷ്ടാവായിരുന്ന പ്രഭാവർമ്മ പുതിയ സ്റ്റാഫിലും തുടരുന്നുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന പത്തു വർഷവും അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സി.എം.രവീന്ദ്രൻ.
സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടകേസിൽ ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഇനി പുതിയ വിവാദങ്ങൾക്ക് ഇടം നൽകാതിരിക്കാനാണ് പുതിയ അഴിച്ചുപണിയെന്നാണ് വിലയിരുത്തൽ.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ മകൾ ടി.വീണയുടെ ബാങ്ക് ലോക്കർ തുറന്നുകൊണ്ടുള്ള ഇഡി പരിശോധനയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേസിൽ നേരത്തേ തന്നെ അന്വേഷണം നടക്കുന്നതാണ്. വീട്ടിലെത്തിയും ഇഡി റെയ്ഡ് നടത്തിയതാണ്. ബാങ്ക് ലോക്കർ കാണണമെന്ന് അവർക്ക് തോന്നിക്കാണുമെന്നും പിണറായി പ്രതികരിച്ചു.
നിങ്ങളും കാമറയും കൊണ്ട് ചെന്നുനോക്കു മഹാകാര്യങ്ങളോ വിസ്മയങ്ങളോ ഉണ്ടാകുമോ എന്ന് നോക്കാമല്ലോയെന്നും മാധ്യമപ്രവർത്തകരോട് പിണറായി പറഞ്ഞു. മാസപ്പടി കേസിൽ തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്സി ബാങ്കിലാണ് ഇഡി പരിശോധന നടക്കുന്നത്.
കേസിൽ വീണ അടക്കമുള്ളവരെ കഴിഞ്ഞ ദിവസം ഇഡി കൊച്ചിയിൽ ചോദ്യം ചെയ്തിരുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റ് അടക്കമുള്ളവ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ഭാഗികമായ രേഖകൾ മാത്രമാണ് ഇഡിക്ക് മുന്നിൽ ഹാജരാക്കിയത്.
ലോക്കറിന്റെ വിശദാംശങ്ങൾ ഹാജരാകാത്ത സാഹചര്യത്തിലാണ് ഇത് തുറന്ന് പരിശോധിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കിലെ അടക്കം വീണയുടെ മൂന്ന് അക്കൗണ്ടുകളും നേരത്തേ ഇഡി മരവിപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനാചരണവുമായി ബന്ധപ്പെട്ടു ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നേരിട്ടു സർക്കാർ വകുപ്പുകളുടെ യോഗം വിളിച്ചുചേർത്ത നടപടി ഭരണഘടനാപരമായ കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണറുടെ ഈ നടപടി ജനാധിപത്യ മര്യാദകളുടെ നഗ്നമായ ലംഘനമാണ്.
സംസ്ഥാനത്ത് ഒരു സമാന്തര സർക്കാർ ആകാനാണ് ഇതിലൂടെ ഗവർണർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നതു ശരിയല്ല. സർക്കാർ സംഘപരിവാർ വിധേയത്വം കാണിക്കുന്നുവെന്ന ആക്ഷേപം ഉണ്ടെന്നും സംസ്ഥാനത്തിന്റെ അന്തസ് സംരക്ഷിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും പിണറായി വിജയൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ പിഎം ശ്രീയുടെ ഭാഗമാണെന്നും ഒരു കോൺഗ്രസ് സർക്കാരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസക്തമായ പ്രശ്നം കോൺഗ്രസ് നിലപാട് എന്താണെന്നുള്ളതാണെന്നും പിണറായി വിജയൻ പറഞ്ഞു. ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പിലാകില്ല. പുതിയ സർക്കാർ പദ്ധതിയിൽ നയപരമായ തീരുമാനമെടുക്കണം. യുഡിഎഫ് സർക്കാർ നയംമാറ്റത്തിന് പ്രേരിപ്പിച്ച ഘടകം എന്താണെന്നും പിണറായി വിജയൻ ചോദിച്ചു.
കേന്ദ്രം എന്തെങ്കിലും പ്രത്യേക അറിയിപ്പ് സംസ്ഥാനത്തിന് നൽകിയിട്ടുണ്ടോ എന്നും പിണറായി ചോദിച്ചു. പിഎം ശ്രീ നടപ്പിലാക്കുന്നതിന്റെ ഉദ്ദേശശുദ്ധി യുഡിഎഫ് വിശദീകരിക്കമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനം മുൻകൈ എടുത്താൽ മാത്രമേ പദ്ധതി നടപ്പിലാവൂ എന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
Kerala
തിരുവനന്തപുരം: പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. രാഹുൽ ഗാന്ധിക്ക് സവർണ്ണ ബോധമാണെന്നും ജാതിബോധം ഉള്ളതുകൊണ്ടാണ് അദ്ദേഹം പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തയാറാകാത്തതെന്നും എ.കെ. ബാലൻ ആരോപിച്ചു.
മോദിയെ കെട്ടിപ്പിടിക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാൽ പിണറായി വിജയനെ കെട്ടിപ്പിടിക്കുന്നതിൽ പ്രശ്നമാണെന്നും എ.കെ. ബാലൻ വിമർശിച്ചു.
ഇന്ത്യാ സഖ്യത്തിന്റെ ജൂൺ എട്ടിന് നടന്ന നിർണായക യോഗത്തിലാണ് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. പിണറായിയുമായി തനിക്ക് വ്യക്തമായ രാഷ്ട്രീയ പോരാട്ടമുണ്ട്. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കൃത്യമായി മനസിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും രാഹുൽ പറഞ്ഞിരുന്നു.
Kerala
കോട്ടയം: മാസപ്പടി കേസിൽ ഇഡി കുറ്റപത്രം സമർപ്പിക്കുമ്പോൾ പിണറായി പ്രതിസ്ഥാനത്ത് വരാൻ സാധ്യതയുണ്ടെന്ന് ഷോൺ ജോർജ്. ഇത് വീണാ വിജയനിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്നും ഷോൺ പ്രതികരിച്ചു.
താൻ നൽകിയ പരാതി വീണയെ മാത്രം ചോദ്യം ചെയ്യാനുള്ളതല്ല. അന്വേഷണം നിലവിൽ 10 ശതമാനത്തോളമെത്തിയിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാസപ്പടി വിഷയത്തിൽ സിപിഎം ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്. പിണറായിയുടെ കൂടെ ഇപ്പോൾ പാർട്ടിയില്ല. 26 സഖാക്കൾ ജയിലിൽ കിടക്കുന്നുണ്ടെന്നും ഷോൺ പരിഹസിച്ചു.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് നടന്ന പ്രതിഷേധം വെറും രാഷ്ട്രീയ പ്രതിഷേധമല്ലെന്നും ഭീകരരുടെ രൂപത്തിൽ അദ്ദേഹത്തെ ആക്രമിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നുവെന്നും മുൻ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. വിമാനത്തിനുള്ളിൽ അരങ്ങേറിയ ഈ സംഭവത്തെ ഒരു ജുഡീഷ്യറിക്കും നിസാരമായി തള്ളിക്കളയാൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2022 ജൂൺ 13ന് ഇൻഡിഗോ വിമാനത്തിലാണ് സംഭവം നടന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ എന്നിവർ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധവുമായി എത്തുകയായിരുന്നു. വിമാനത്തിനകത്ത് ആക്രമണത്തിന് വേണ്ടിയുള്ള തയാറെടുപ്പോടെയാണ് ഇവർ എത്തിയതെന്നാണ് ഇ.പി. ജയരാജൻ വാദിക്കുന്നത്.
വിമാനത്തിന്റെ കോറിഡോറിലൂടെ അക്രമോത്സുകമായി ഓടിവന്നവരെ താൻ തടയുകയായിരുന്നുവെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. വിമാനത്തിൽ വെച്ച് തന്നെ ഇവരെ പിടികൂടുകയും പിന്നീട് പോലീസ് നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
കോടതിക്ക് കാര്യങ്ങൾ പരിശോധിക്കാനുള്ള അധികാരമുണ്ടെങ്കിലും പോലീസാണ് പ്രാഥമികമായി ഇത്തരം കാര്യങ്ങളിൽ കേസ് എടുത്ത് അന്വേഷണം നടത്തേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെ കോടതി വിളിക്കുകയാണെങ്കിൽ വസ്തുതകൾ ബോധിപ്പിക്കാൻ തയാറാണെന്നും കോടതിയുടെ ഇപ്പോഴത്തെ നിലപാടിനെക്കുറിച്ച് വിശദമായി പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങൾ കേവലം മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ഇ.പി. ജയരാജനാണ് തങ്ങളെ ആക്രമിച്ചതെന്നുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇപ്പോൾ കേസ് പരിഗണിക്കുന്നത്.
Kerala
തൃശൂര്‍: വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായിയുടെ കാലത്ത് നാല് വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു എന്നാൽ ഇത്തവണ മൂന്ന് പേർ മാത്രമാണ് പങ്കെടുത്തതെന്ന് മന്ത്രി പ്രതികരിച്ചു.
യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് ആദ്യം മാപ്പ് പറയണം. മത പരിപാടികളിൽ വിസിമാർ പങ്കെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ സർവ്വകലാശാല വി.സി ഡോക്ടർ മോഹൻ കുന്നുമ്മൽ, എം.ജി സർവ്വകലാശാല വി.സി ഡോക്ടർ ഡി. മാവൂത്ത്, മലയാളം സർവ്വകലാശാല വി.സിയുടെ ചുമതലയുള്ള ഡോക്ടർ സി.ആർ. പ്രസാദ് എന്നിവർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെമന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചിരുന്നു
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ഒരു മാസത്തോളമായിട്ടും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഒഴിഞ്ഞു നൽകാത്തതിലെ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ആകാവുന്നത്ര വേഗത്തിൽ താൻ ഒഴിഞ്ഞുനൽകിയിരുന്നു. മുഖ്യമന്ത്രി എപ്പോൾ ക്ലിഫ് ഹൗസിലേക്ക് പോകുമെന്ന് അറിയില്ലെന്നും പിണ റായി കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: വർഷങ്ങളായി ധരിച്ചിരുന്ന കണ്ണട മാറ്റിവെച്ച് വേറിട്ട ലുക്കിൽ വാർത്താസമ്മേളനത്തിനെത്തി മാധ്യമപ്രവർത്തകരെ അമ്പരപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വാർത്താസമ്മേളനം തുടങ്ങിയ ഉടൻ തന്നെ മാധ്യമപ്രവർത്തകർ 'കണ്ണട ഉപേക്ഷിച്ചോ' എന്ന് ചോദിച്ചപ്പോഴാണ് ചിരിയോടെ അദ്ദേഹം കാരണം വ്യക്തമാക്കിയത്. കണ്ണിന് തിമിര ശസ്ത്രക്രിയ നടത്തിയെന്നും അതിനുശേഷം കണ്ണടയില്ലാതെ തന്നെ കൃത്യമായി വായിക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോൾ ഇനി കണ്ണടയുടെ ആവശ്യമില്ലെന്ന് നിർദേശിച്ചതായും അതുകൊണ്ടാണ് അത് പൂർണമായി മാറ്റിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അവതാര പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ.
ഭരണത്തിലിരുന്നപ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയിലെ മന്ത്രിമാർക്കിടയിൽ അവതാരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കുകയാണ് വേണ്ടതെന്നും ആദ്യം ചെയ്യേണ്ടത് അതാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ഭരിക്കുമ്പോൾ അവതാരങ്ങൾ അടുത്തുകൂടാൻ നോക്കുമെന്നും അവരെ അകറ്റി നിർത്തുകയാണ് വേണ്ടതെന്നുമുള്ള പിണറായിയുടെ വർഷങ്ങൾക്ക് മുന്നേയുള്ള പ്രസംഗം മുൻ നിർത്തിയാണ് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം അവതാര പ്രയോഗം നടത്തിയത്.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഘപരിവാർ നേതാവിനെ വിസിയാക്കിയ ഗവർണറെ സർക്കാർ എതിർക്കുന്നില്ലെന്നും ഗവണർറോട് ഏറ്റുമുട്ടാനില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് പിടിമുറുക്കാൻ ശ്രമിക്കുന്നതിനെതിരെ മുഖ്യമന്ത്രിയോ മന്ത്രിമോ യുഡിഎഫിലെ കക്ഷികളോ പ്രതികരിച്ചിട്ടില്ല. മതേതര കേരളം ആശങ്കയോടെ ആണ് ഇത് നോക്കിക്കാണുന്നത്.
കേന്ദ്ര സർവകലാശാലകൾക്ക് പിന്നാലെയാണ് സംഘപരിവാർ കേരളത്തിൽ പിടിമുറുക്കുന്നത്. സെനറ്റിൽ 19 സംഘപരിവാർ അനുകൂലികൾ ഉള്ളത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയങ്ങൾക്കെതിരെ ഇടതുമുന്നണി ശക്തമായ പ്രതിരോധം ഉയർത്തി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ നിയമവിരുദ്ധമായ ഇടപെടലുകൾക്കെതിരായ രാഷ്ട്രീയ പോരാട്ടങ്ങൾ തുടരേണ്ടതുണ്ട്. ശക്തമായ നിലപാട് സ്വീകരിക്കാൻ യുഡിഎഫ് സർക്കാർ തയാറുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
കേരളത്തിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ സംസ്ഥാനത്തെ മൂന്ന് വിസിമാർ പങ്കെടുത്തു. ഇത് അത്യന്തം ഗൗരവത്തോടെ മതേതര കേരളം കാണുന്നു.
സർവകലാശാലകളിൽ സംഘപരിവാർ അജണ്ടകൾ അടിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കാജനകമായ ചർച്ചകളാണ് നടക്കുന്നത്. അത്തരമൊരു ഘട്ടത്തിലാണ് കേരള, എംജി, മലയാളം സർവകലാശാല വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ എങ്ങനെ പിടിമുറുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നിപ ബാധ പ്രതിരോധിക്കാൻ നേതൃത്വം നൽകേണ്ട മന്ത്രിയും വകുപ്പും ജില്ലാ ഭരണകൂടവും ഏകോപനമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉത്തരവാദിത്തപ്പെട്ടവർക്ക് ആശയക്കുഴപ്പം ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുൻപ് നിപ ബാധയുണ്ടായപ്പോൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതുപോലെ ചെയ്യാൻ എൽഡിഎഫ് ഇല്ല. രോഗത്തെ പ്രതിരോധിക്കാന്‍ എല്ലാ സഹകരണവും ഉണ്ടാകുമെന്നും എൽഡിഎഫ് ഭരണത്തിലായിരുന്നപ്പോൾ നിപ ബാധിച്ച കോഴിക്കോട്ട് ക്യാംപ് ചെയ്താണ് ആരോഗ്യമന്ത്രി പ്രവർത്തനം ഏകോപിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.
രോഗം പടരാതിരിക്കാൻ ഏകോപനം പ്രധാനപ്പെട്ടതാണ്. യുഡിഎഫ് ഭരണത്തിൽ അത്തരമൊരു ജാഗ്രത കാണാനില്ല. നിപ്പ കൺട്രോൾ റൂമിൽനിന്ന് ജനപ്രതിനിധികൾ അകന്നു നിൽക്കണം എന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്.
ജനപ്രതിനിധികളെ പങ്കാളികളാക്കിയാണ് മുൻപ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നത്. നിപ ബാധയുള്ളപ്പോഴാണ് ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയത്. ഈ ഘട്ടത്തിൽ സാധാരണ മാറ്റമുണ്ടാകാറില്ല. മികച്ച സംവിധാനത്തെ തകർക്കാൻ പുതിയ സർക്കാർ ശ്രമിച്ചപ്പോൾ ഡയറക്ടർ അതിനു കൂട്ടുനിന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം ഉണ്ടാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
പറവൂർ: അന്തരിച്ച നടൻ സലിംകുമാറിന്റെ വീട്ടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഇന്നലെ സന്ദർശനം നടത്തി. വൈകുന്നേരം 4.15നാണ് എത്തിയത്.
സലിംകുമാറിന്റെ ഭാര്യ സുനിത, മക്കളായ ചന്തു, ആരോമൽ എന്നിവരോട് പിണറായി വിജയൻ സംസാരിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്, സംസ്ഥാന കമ്മിറ്റിയംഗം എസ്. ശർമ, ജില്ലാ കമ്മിറ്റിയംഗം പി.എസ്. ഷൈല, ഏരിയാ സെക്രട്ടറി ടി.വി. നിഥിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Kerala
മലപ്പുറം: കോണ്‍ഗ്രസിന്റെ പിടിവാശിയും കടുംപിടിത്തവും ഇന്ത്യാ സഖ്യത്തിന്റെ തകർച്ചക്ക് വഴിയൊരുക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.
അരീക്കോട് /”ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മതനിരപേക്ഷ കക്ഷികളെ ഒന്നിച്ചു നിർത്താനാണ് ഇന്ത്യാ വേദി രൂപീകരിച്ചത്. എന്നാൽ അധികാരത്തിന് വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങൾ ചില കക്ഷികളെ സഖ്യത്തിൽ നിന്നകറ്റി.
ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷം പിന്തുണ നൽകിയത് കൃത്യമായ കാഴ്ചപ്പാടോടെയാണ്. കോണ്‍ഗ്രസിനെക്കുറിച്ച് എന്തെങ്കിലും വ്യാമോഹമുണ്ടായിട്ടല്ല, ബിജെപി അധികാരത്തിൽ വന്നാലുള്ള അപകടം ഒഴിവാക്കാനായിരുന്നു അത്. ഇപ്പോൾ സ്വീകരിക്കുന്ന നിലപാടും ഇതേ കാഴ്ചപ്പാടിൽ തന്നെയാണ്.
മറ്റുള്ളവരെ അംഗീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ പ്രയാസവും സങ്കുചിത താൽപ്പര്യങ്ങളുമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. ബിജെപി രാജ്യസഭാംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഒരു കാഴ്ചപ്പാടും തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിന് ഉണ്ടായില്ല.
അതേസമയം പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെ അന്വേഷണ ഏജൻസികളെ വിട്ട് ആക്രമിക്കുന്നതിനും കോണ്‍ഗ്രസ് ബിജെപി സർക്കാരിന് കൂട്ടുനിന്നുവെന്നും പിണറായി ആരോപിച്ചു.
Kerala
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. അതേസമയം പ്രത്യേക അന്വേഷണ സംഘം ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എപ്പോൾ ആവശ്യപ്പെട്ടാലും വീണ്ടും ഹാജരാകണമെന്ന നോട്ടീസ് നൽകി ഇവരെ വിട്ടയച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലെ അംഗങ്ങളായ എ.സന്ദീപ്, വി.വി.വിപിൻ, ആർ. അരുൺ, ഷൈജു എന്നിവരെയാണ് എസ്ഐടി വിശദമായി ചോദ്യം ചെയ്തത്. മൂന്ന് ദിവസങ്ങളിലായി ഇവരെ ഒന്നിച്ച് ഇരുത്തിയും ഒറ്റയ്ക്കുമാണ് അന്വേഷണസംഘം മൊഴിയെടുത്തത്.
ചോദ്യം ചെയ്യലിനോട് തങ്ങൾ പൂർണമായും സഹകരിച്ചുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സംഭവദിവസത്തെ യഥാർത്ഥ വസ്തുതകളും സത്യങ്ങളും എല്ലാം അന്വേഷണ സംഘത്തോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ വിവര ശേഖരണത്തിന് ശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്തിയാൽ മതിയെന്നാണ് എസ്ഐടി തീരുമാനം.
Kerala
തിരുവനന്തപുരം: നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ- ആരോഗ്യവകുപ്പ് ഏകോപനമില്ല. ആരോഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ദേവസ്വം പ്ലീഡർ നിയമനത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ദേവസ്വം പ്ലീഡർ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ ഭീതി പടരുന്ന പശ്ചാത്തലത്തിൽ റെംഡിസീവർ പോലുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം എന്ന വാർത്ത അത്യന്തം ആശങ്കാജനകമാണെന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. നിപ ബാധിച്ച് വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ രോഗി തുടരുമ്പോഴാണ് ഈ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്കില്ലെന്ന വിവരം ആശുപത്രി അധികൃതർ അറിയിക്കുന്നത്.
മരുന്നിന് ക്ഷാമമില്ലെന്നും ഉടൻ എത്തിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ അവകാശപ്പെടുമ്പോഴാണ് അതിന് കടകവിരുദ്ധമായ വിവരം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതരിൽനിന്നു പുറത്തു വരുന്നത്. ഇന്നോ നാളെയോ എന്നല്ലാതെ കൃത്യമായി മരുന്ന് എപ്പോൾ ലഭ്യമാകുമെന്ന് അവർക്ക് വ്യക്തമാക്കാൻ സാധിക്കുന്നില്ല.
ജീവൻരക്ഷാ മരുന്നുകളുടെ കാര്യം പോലും ഉറപ്പാക്കാനുള്ള ഇടപെടൽ സമയബന്ധിതമായി നടക്കുന്നില്ല എന്നത് ആശങ്കയുളവാക്കുന്നു. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും യുദ്ധകാലാടിസ്ഥാനത്തിൽ മരുന്നുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജർ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായ പരാമർശം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ് ധോവിക്കും പരാതി നൽകി.
അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എൻജിനുകളുടെയും അകന്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലിയർപ്പിക്കാൻ എത്തിയതെന്നായിരുന്നു മേജർ രവിയുടെ പരാമർശം.അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
National
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് കോൺഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹവുമായി താൻ രാഷ്ട്രീയ പോരാട്ടത്തിലാണ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ അതിന് തനിക്ക് കഴിയില്ല. അത് താൻ ചെയ്യില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കൃത്യമായി മനസിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. ടിഎംസി സ്വപ്നലോകത്താണെന്ന് താൻ പറഞ്ഞിരുന്നു, പക്ഷേ അത് അംഗീകരിക്കാൻ അവർ തയാറായില്ല. ഒന്നിച്ച് പ്രതിരോധിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാകുമെന്നും രാഹുൽ ഗാന്ധി പറയുന്നു.
വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയാറാണ്. ഇന്ത്യാ മുന്നണിയിൽ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള കോൺഗ്രസിന്റെ പങ്ക് വലുതാണ്. ആർഎസ്എസിന്റെ കാഴ്ചപ്പാടിന് അടിസ്ഥാനപരമായ എതിർക്കുന്നു. മുന്നണിക്കുള്ളിലെ പോരാട്ടത്തിന് തനിക്ക് താല്പര്യം ഇല്ല. പ്രതിപക്ഷം ദുർബലമാണെന്ന് തെളിയിക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് നാം മനസിലാക്കണം എന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജര്‍ രവിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പോലീസ് മേധാവിക്കും പരാതി നല്കി പ്രതിപക്ഷ നേതാവ് പിണറായി വിജയന്.
നടന് ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പിണറായി വിജയൻ എത്തിയതുമായി ബന്ധപ്പെട്ട് മേജര്‍ രവി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പരാതി. മേജര്‍ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശവും തുടര്‍ന്ന് നടന്ന നവമാധ്യമ പ്രചാരണവും അന്വേഷിക്കണമെന്നാണ് പിണറായി വിജയന്റെ ആവശ്യം. നടന് സലിം കുമാറിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ വി.ഡി. സതീശന് എത്തിയതുമായി താരതമ്യപ്പെടുത്തിയായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം.
അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയര്‍ എന്‍ജിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് എന്നായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം. ഇതേ തുടര്‍ന്ന് നിരവധി നവമാധ്യമ ഹാന്‍ഡിലുകള്‍ കൃത്രിമമായി ദൃശ്യങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചു.
സംഭവ ദിവസത്തെ യഥാര്‍ഥ ദൃശ്യങ്ങളും കൃത്രിമമായി നിര്‍മിച്ച് പ്രചരിപ്പിച്ച പോസ്റ്റുകളുടെ ലിങ്കുകളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. കുറ്റകരവും അപകീര്‍ത്തികരവുമായ നവമാധ്യമ പ്രചാരണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റവാളികള്‍കെതിരെ ശിക്ഷാ നടപടി ഉറപ്പാക്കണമെന്നും പിണറായി വിജയന് പരാതിയില്‍ ആവശ്യപ്പെട്ടു.
Kerala
കോട്ടയം: ധവളപത്രത്തിലൂടെ സര്‍ക്കാര്‍ ജീവനക്കാരെ യുഡിഎഫ് തള്ളിപ്പറയുകയാണു ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. എന്‍ജിഒ യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
അധികാരത്തിലെത്തി ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 2000 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. സിവില്‍ സര്‍വീസിന്റെ ശോഭ കെടുത്തുന്ന നടപടിയാണിത്. സംതൃപ്തമായ സിവില്‍ സര്‍വീസാണു കഴിഞ്ഞ 10 വര്‍ഷക്കാലം കേരളത്തിലുണ്ടായിരുന്നത്.
റവന്യു കമ്മിയെ കുറിച്ച് ഇപ്പോള്‍ സര്‍ക്കാരിന് വലിയ ആശങ്കയാണ്. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വലിയ ബാധ്യതയായി മാറി എന്നാണ് ധവളപത്രത്തിലൂടെ സര്‍ക്കാര്‍ പറയുന്നത്. 10 വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്കരണം എന്നത് നവ ലിബറല്‍ നയത്തിന്റെ ഭാഗമാണ്.
മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഭരണകാലത്ത് ജീവനക്കാര്‍ക്കെതിരേ ദ്രേഹ നടപടികള്‍ സ്വീകരിച്ചപ്പോള്‍ 38 ദിവസം സമരം ചെയ്ത് അവകാശങ്ങള്‍ നേടിയെടുത്തതാണ്. ഇത്തരം നടപടി സ്വീകരിച്ചാല്‍ സമര രീതികളിലേക്ക് എന്‍ജിഒ യൂണിയനും ജീവനക്കാരും പോകുമെന്നും പിണറായി പറഞ്ഞു.
യൂണിയന് സംസ്ഥാന പ്രസിഡന്റ്് എം.എ. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രിമാരായ മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന്, കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ സ്റ്റീഫന്‍ ജോര്‍ജ്, യൂണിയന് ജനറല്‍ സെക്രട്ടറി എം.വി. ശശിധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്നു രാവിലെ മാമ്മന്‍ മാപ്പിള ഹാളില്‍ ചേരുന്ന പ്രതിനിധി സമ്മേളനം ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥി വരദരാജന് ഉദ്ഘാടനം ചെയ്യും. നാളെ സമ്മേളനം സമാപിക്കും.
District News
ഗാന്ധിനഗർ: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ സന്ദർശിച്ചു. ചിന്നക്കനാൽ സിങ്കുകണ്ടം അങ്കണവാടി തെരുവിൽ പരേതരായ രാജ-മാരി ദമ്പതികളുടെ മകൻ രക്ഷൻ (11) ആണ് കാട്ടാനയുടെ തട്ടേറ്റ് മെഡിക്കൽ കോളജ് ആശുപത്രി ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.
വാർഡിലെത്തിയ പ്രതിപക്ഷ നേതാവ് രക്ഷനോടും ബന്ധുക്കളോടും വിവരങ്ങൾ അന്വേഷിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ കുട്ടിക്ക് വേദനയുള്ളതായി ബന്ധുക്കൾ പറഞ്ഞതായി പറഞ്ഞു.
ആശുപത്രി സൂപ്രണ്ടും ന്യൂറോ ഡോക്ടറും വിവരങ്ങൾ പറഞ്ഞു. കുട്ടിയുടെ അമ്മ മാരി ആനയുടെ ചവിട്ടേറ്റ് തിങ്കളാഴ്ചതന്നെ മരണപ്പെട്ടിരുന്നു.
വന്യജീവി ആക്രമണം ഉണ്ടായാൽ സാധാരണ ഗതിയിൽ സ്വീകരിക്കേണ്ട നടപടികൾ സർക്കാർ എടുക്കണം. കഴിഞ്ഞ സർക്കാർ അതു തുടങ്ങിവച്ചിരുന്നു. അതിന് തുടർച്ചയുണ്ടാകണം. ആളുകൾക്ക് നേരേ ആക്രമണം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണം. സർക്കാർ മാറിയത് ആന അറിഞ്ഞില്ലെന്നത് മറുപടിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുൻ മന്ത്രി വി.എൻ. വാസവൻ, ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്, ആർഎംഒ സാം ക്രിസ്റ്റി മാമ്മൻ എന്നിവർ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
Kerala
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിൽ ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ വിരമിക്കുന്നതിന് മുന്നോടിയായി എൽഡിഎഫ് സർക്കാർ എടുത്ത നിയമന തീരുമാനം ഗവർണർ മനഃപൂർവം വെച്ചുതാമസിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
മുൻ കമ്മീഷണർ മാർച്ച് 31ന് വിരമിക്കുന്നതിന് മുൻപ് തന്നെ പുതിയ കമ്മീഷണറായി നിലവിലെ നിയമ സെക്രട്ടറി സനൽ കുമാറിനെ നിയമിക്കാൻ അന്നത്തെ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ നിയമന ഉത്തരവിനായി രാജ്ഭവനിലേക്ക് അയച്ച ഫയൽ സേവ് യൂണിവേഴ്സിറ്റി ഫോറം നൽകിയ ഒരു കത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ മാറ്റിവെയ്ക്കുകയായിരുന്നു.
പിന്നീട് ഹൈക്കോടതിയുടെ സമ്മതപത്രം വേണമെന്ന ഗവർണറുടെ ആവശ്യപ്രകാരം അതും ലഭ്യമാക്കി നൽകിയിട്ടും നിയമനം നടത്താൻ രാജ്ഭവൻ തയാറായില്ലെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഗവർണറുടെ നിർദ്ദേശപ്രകാരം പുതിയൊരു പേര് സമർപ്പിക്കാൻ യുഡിഎഫ് സർക്കാർ ഇപ്പോൾ നീക്കം നടത്തുകയാണ്.
ഇത് തികഞ്ഞ രാഷ്ട്രീയ അട്ടിമറിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എൽഡിഎഫ് സർക്കാർ ഭരണഘടനാപരമായി എടുത്ത തീരുമാനം അട്ടിമറിച്ച് ഗവർണർ രാഷ്ട്രീയമായി കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. തുടർന്ന് പിആർഡിയിൽ അസാധാരണ സ്ഥലം മാറ്റമുണ്ടായി.
പിആർഡി ഉദ്യോഗസ്ഥന് അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമത്തെ ട്രാൻസ്ഫർ നൽകി. വനം വകുപ്പ് പിആർഒ സ്ഥാനത്തുനിന്നാണ് അഭിലാഷിനെ മാറ്റിയത്. പിആർഒ ആയി നിയമിച്ച് അഞ്ചുദിവസത്തിനുള്ളിലാണ് സ്ഥലംമാറ്റം.
പിണറായി വിജയന്റെ ഓഫീസിൽ പത്തുവർഷം പിആർ വിഭാഗത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അഭിലാഷ്.
Kerala
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലായ പ്രതികളുമായി പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നിലെത്തിച്ചാണ് പോലീസ് ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ വൈകിട്ട് അഞ്ച് മണി വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കേസിലെ ആറാം പ്രതി കിരൺ, ഏഴാം പ്രതി അനിൽ കുമാർ, എട്ടാം പ്രതി ഷഫീഖ്, ഒൻപതാം പ്രതി ഹരീഷ് കുമാർ, പത്താം പ്രതി ദിനീത് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്. ആദ്യത്തെ അഞ്ച് പ്രതികളെ നേരത്തെ കസ്റ്റഡിയിൽ വാങ്ങി ഇതേ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വീട്ടിൽ പരിശോധനയ്ക്കായി കൊച്ചിയിൽ നിന്നെത്തിയ ഇഡി ഉദ്യോഗസ്ഥരെയും അവർ സഞ്ചരിച്ച വാഹനങ്ങളെയുമാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് വാഹനങ്ങൾ അണികൾ പൂർണമായി തകർത്തിരുന്നു. 'കൊല്ലടാ' എന്ന് ആക്രോഷിച്ചുകൊണ്ട് കല്ലും ആയുധങ്ങളും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
സംഭവത്തിൽ കണ്ടാലറിയാവുന്ന 300 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ 26 പേർ അറസ്റ്റിലായെങ്കിലും 46 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിപിഎം ഏരിയ കമ്മിറ്റി വരെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും പുറമേ മറ്റ് മുതിർന്ന നേതാക്കൾക്ക് ഈ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയോ പ്രേരണയോ ഉണ്ടോ എന്നാണ് പ്രത്യേക അന്വേഷണസംഘം ഇപ്പോൾ പരിശോധിക്കുന്നത്.
അന്വേഷണത്തിൽ സംസ്ഥാന ഇന്റലിജൻസിനും ആഭ്യന്തര വകുപ്പിനും ഗുരുതര വീഴ്ച പറ്റിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിൽ അതീവ ഗൗരവത്തോടെയാണ് സംസ്ഥാന പോലീസ് കേസ് അന്വേഷിക്കുന്നതും വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നതും.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ സിപിഎം പാര്‍ട്ടി നേതൃത്വം മാറണമെന്ന കീഴ്ഘടകങ്ങളുടെ വിമര്‍ശനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം അടങ്ങിയ റിപ്പോര്‍ട്ട് ഒഴിവാക്കിയാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടന്നത്.
എം.വി. ഗോവിന്ദന്, പിണറായി വിജയന് എന്നിവര്‍ക്കെതിരേ കീഴ്ഘടകങ്ങളിലെ പ്രവര്‍ത്തകര്‍ നടത്തിയ വിമര്‍ശനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ടിംഗ് നടത്തിയത്.
നേതൃമാറ്റം വേണ്ടെന്ന നിലപാടാണ് യോഗത്തില്‍ ഉണ്ടായത്. ഗോവിന്ദനും പിണറായി വിജയനും പദവികള്‍ ഒഴിയണമെന്നായിരുന്നു അണികളുടെ വിമര്‍ശനം. പാറശാല ഏരിയാ കമ്മിറ്റിയില്‍ പിണറായി വിജയന് പ്രതിപക്ഷ നേതാവ് സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
കൂടാതെ ഗോവിന്ദന്റെ ശൈലിക്കെതിരേ കൂടുതല്‍ കീഴ്ഘടകങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പിണറായി വിജയനെതിരെയും ഗോവിന്ദനെതിരെയും ഉയര്‍ന്ന നേതൃമാറ്റ ആവശ്യം പൂര്‍ണമായും തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അവതരിപ്പിച്ചത്.
Kerala
ആലപ്പുഴ: പിണറായി വിജയനെതിരായ നനഞ്ഞ കോഴി പരാമര്‍ശത്തിൽ ജി.സുധാകരനെതിരേ അതിരൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബു. സുധാകരൻ അഭിനവ പാഷാണം വര്‍ക്കിയാണെന്നും അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവമാണെന്നും ചന്ദ്രബാബു വിമർശിച്ചു.
1991ലെ കോഴിക്കോട് സമ്മേളനം മുതലുള്ള സുധാകരന്റെ അവസരവാദത്തെക്കുറിച്ച് അറിയാം. സ്വന്തം കാര്യം കാണാന്‍ ഏതറ്റം വരെയും പോകുന്ന ആളാണ് സുധാകരൻ പറഞ്ഞു.
2021ല്‍ സ്ഥാനാര്‍ഥിത്വം കിട്ടുമെന്ന് കരുതി ജി. സുധാകന് പണം പിരിച്ചു. ഈ പണം ഏത് കണക്കില്‍ വരുമെന്ന് അദ്ദേഹം ചോദിച്ചു. പിരിച്ച പണത്തിന് രസീത് പോലും കൊടുത്തില്ല. പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് പോലെത്തെ മനോഭാവം വേണ്ടെന്നും ചന്ദ്രബാബു കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ 'ഹൈഡ്ര' പരാമർശത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഹിറ്റ്ലറെപ്പോലെ ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോൺഗ്രസ് പാർട്ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരമാണെന്ന് പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
ഹിറ്റ്ലറുടെ കൊലയാളി സംഘത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കോൺഗ്രസ് സർക്കാർ ഭരണം നടത്തുന്നത് എന്ത് ജനാധിപത്യ മാതൃകയാണ്?. ഈ പ്രസ്താവന അങ്ങേയറ്റം ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണെന്നും പിണറായി വ്യക്തമാക്കി.
ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഫാസിസ്റ്റ് നയങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ഒരിക്കലും കഴിയില്ലെന്ന് ഇടതുപക്ഷം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിന്റെ അടിസ്ഥാനം ഇത് തന്നെയാണ്. ജനാധിപത്യ വിശ്വാസികള്‍ ഈ അപകടം തിരിച്ചറിയണമെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
തെലങ്കാനയിലെ സര്‍ക്കാര്‍ ഭൂമിയും തണ്ണീര്‍ത്തടങ്ങളും കൈയേറുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ രൂപീകരിച്ച ദൗത്യസേനയാണ് ഹൈഡ്ര. ഹിറ്റ്ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ദൗത്യസേനക്ക് ഹൈഡ്ര എന്ന് പേരിട്ടതെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം.
Kerala
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ ഇഡി നീക്കം ശക്തമാക്കുന്നു. വീണക്കെതിരെ എസ്എഫ്ഐഒ കണ്ടെത്തിയ നിർണായക തെളിവുകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതി ഇന്ന് പരിഗണിക്കും.
എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത 134 പ്രധാന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ തങ്ങൾക്ക് കൈമാറണമെന്നാണ് ഇഡിയുടെ ആവശ്യം. ഈ രേഖകൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒയുടെ നിലപാട് കോടതി നേരത്തെ തേടിയിരുന്നു.
കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി വീണ വിജയനും എക്സാലോജിക്കും ഒപ്പുവെച്ച കരാറുകളുടെ പകർപ്പുകൾ, ഇരുകൂട്ടരും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവയാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ശേഖരിക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യം.
Kerala
ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയനേയും സിപിഎം സംസ്ഥാന നേതൃത്വത്തിനെയും പരിഹസിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ. നിയമസഭയിൽ പിണറായി വിജയൻ വെള്ളത്തിൽ വീണ നനഞ്ഞ കോഴിയുടെ അവസ്ഥയിലാണെന്ന് അദ്ദേഹം പരിഹസിച്ചു. തന്റെ എംഎൽഎ ഓഫീസ് ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭയിൽ പ്രതിപക്ഷം നനഞ്ഞ കോഴിയെപ്പോലെയാണ്. എഴുന്നേറ്റ് നിന്ന് ശക്തമായി മറുപടി പറയാൻ പോലും ആരുമില്ല. കെ.എൻ. ബാലഗോപാലിന് സഭയിൽ ഇപ്പോൾ മിണ്ടാട്ടമില്ല.
വി.ഡി. സതീശനെതിരെ സംസാരിക്കാൻ ഒരു നേതാക്കൾക്കും കഴിയുന്നില്ല. തോമസ് ഐസക്ക് സഭയിൽ ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ മറുപടി പറഞ്ഞേനെ. ഇപ്പോഴത്തെ സഭയിലെ പ്രകടനത്തിൽ തനിക്ക് വലിയ സങ്കടം തോന്നുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.
"ഇടത്തോട്ട് മുണ്ടുടുത്താൽ മാത്രം ഇടതുപക്ഷം ആകില്ല, വലത്തോട്ട് മുണ്ടുടുത്താൽ വലതുപക്ഷവും ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്ക് സമൂഹത്തിലുള്ള വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടുവെന്നും അടുത്തകാലത്തൊന്നും സിപിഎം നന്നാകാൻ പോകുന്നില്ലെന്നും ജി. സുധാകരൻ തുറന്നടിച്ചു. സിപിഎമ്മിൽ നിലവിൽ ജനങ്ങൾക്ക് അംഗീകാരമുള്ള യുവജന നേതാക്കളാരും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർട്ടിയാണ് മുസ്ലിം ലീഗ് എന്ന് സുധാകരൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇപ്പോൾ കോൺഗ്രസിന്റെ സുവർണ കാലഘട്ടമാണ്. ഊന്നുവടിയിൽ നടക്കുന്ന സിപിമ്മാണ് കോൺഗ്രസ് ചെളിക്കുണ്ടിലാണെന്ന് ആക്ഷേപിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
Kerala
ന്യൂഡൽഹി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും അറിയിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കേന്ദ്ര ഏജൻസിയായ ഇഡി എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യം രാഹുൽ ഗാന്ധി നിരന്തരം ഉന്നയിച്ചിരുന്നു.
നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ‘മോദി - പിണറായി ഡീൽ' പ്രചാരണം കോൺഗ്രസ് അഴിച്ചുവിട്ടുവെന്നും ഖർഗെയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള മുതിർന്ന നേതാക്കൾ ഈ പ്രചാരണം ഏറ്റെടുത്തുവെന്നും ബേബി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരം പരാമർശങ്ങളെ കേവലം രാഷ്ട്രീയ ആരോപണങ്ങളായി മാത്രം കാണാൻ കഴിയില്ലെന്നും ഇത് തികച്ചും ആസൂത്രിതമായ പ്രചാരണമായിരുന്നുവെന്നും ബേബി വിമർശിച്ചു.
ദേശീയതലത്തിൽ ബിജെപിക്കെതിരെ രൂപീകരിച്ച പ്രതിപക്ഷ ഐക്യത്തിൽ വലിയ രീതിയിലുള്ള വിള്ളലുണ്ടാക്കാൻ കോൺഗ്രസിന്റെ ഈ നിലപാട് കാരണമായതായും കത്തിൽ വ്യക്തമാക്കുന്നുണ്ട്. വരാനിരിക്കുന്ന തിങ്കളാഴ്ചത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സിപിഎം തങ്ങളുടെ ശക്തമായ പ്രതിഷേധം നേരിട്ട് അറിയിക്കുമെന്നും എം.എ. ബേബി കത്തിൽ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ചലച്ചിത്രതാരം സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലിം കുമാറിന്റെ വിയോഗമെന്ന് പിണറായി വിജയൻ പറഞ്ഞു.
മിമിക്രി കലാകാരനില്‍ നിന്ന് ഹാസ്യനടനിലേക്കും തുടര്‍ന്ന് ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിന്റെ പ്രയാണം വളര്‍ന്ന് വരുന്ന കലാകാരന്മാര്ക്ക് എക്കാലവും പ്രചോദനം പകരുമെന്നും പിണറായി വ്യക്തമാക്കി.
സലിം കുമാറിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും പിണറായി വിജയന് കൂട്ടിച്ചേർത്തു. അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.40ഓടെയായിരുന്നു സലിം കുമാറിന്റെ അന്ത്യം.
സംസ്കാരം ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതിന് പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം വീട്ടില്‍ സംസ്കാരം നടക്കും.
Kerala
കോട്ടയം: സിഎംആർഎൽ മാസപ്പടി കേസിൽ വീണാ വിജയൻ ഇടനിലക്കാരി മാത്രമാണ്. വീണ പണം കൈപ്പറ്റിയത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുവേണ്ടിയുള്ള കൈക്കൂലി ആയിരുന്നെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും കേസിലെ പരാതിക്കാരനുമായ അഡ്വ. ഷോൺ ജോർജ് പറഞ്ഞു.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലുടനീളവും അതിനു മുമ്പും കേരളത്തിന്റെ തീരദേശത്തെ കരിമണൽ കൊള്ള ചെയ്യാൻ സിഎംആർഎൽ കമ്പനിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതിനുള്ള പ്രതിഫലമാണ് വീണയിലൂടെ പിണറായി കൈപ്പറ്റിയിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തുടർനടപടി സ്വീകരിക്കാനുള്ള എല്ലാ തടസങ്ങളും ഹൈക്കോടതി വിധിയിലൂടെ മാറിയെന്നും ഷോൺ ജോർജ് പറഞ്ഞു.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ നിയമപരമായി തടസപ്പെടുത്താന്‍ കഴിയുമെങ്കിലും ആത്യന്തികമായി നിയമവ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് ബോധ്യപ്പെടുന്ന വിധിയാണ് കേരള ഹൈക്കോടതിയിൽനിന്ന് ഉണ്ടായത്. ഇതിൽ നടന്നിരിക്കുന്ന അഴിമതികളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം.
ഇവിടെനിന്നു കടത്തപ്പെട്ട ധാതുമണൽ ഏതു തരത്തിൽ ഉപയോഗിക്കപ്പെട്ടു എന്ന് പഠിക്കേണ്ടതാണ്. അതിന് ആറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റിനും സംസ്ഥാന സർക്കാരിനും ഇതുവഴി ഉണ്ടായ നഷ്ടം തിരികെപ്പിടിച്ച് നൽകുന്നതിന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെയും ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും ഷോൺ ജോർജ് അറിയിച്ചു.
സുപ്രീംകോടതിയെ സമീപിക്കാൻ ആവശ്യമായ സമയംപോലും അനുവദിക്കാതെയാണ് ഹൈക്കോടതിവിധി വന്നിരിക്കുന്നത്. ഇതോടെ കേസിൽ കൂടുതൽ അന്വേഷണം നടത്താനും ആവശ്യമായ നടപടികളിലേക്കു കടക്കാനും ഇഡിക്കു സ്വാതന്ത്ര്യം ലഭിച്ചു. സത്യം വിജയിച്ചിരിക്കുകയാണ്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭ്യന്തര ചട്ടങ്ങൾപോലും ഇത്തരം സാമ്പത്തികനേട്ടങ്ങൾ അനുവദിക്കുന്നില്ല. ലഭിച്ച തുകയ്ക്കു ജിഎസ്ടി അടച്ചുവെന്നാണു സിപിഎം നേതാക്കൾ പറയുന്നത്.
സേവനം നൽകാതെ ഇൻവോയ്സ് നൽകിയിട്ടുണ്ടെങ്കിൽ അതും ജിഎസ്ടി നിയമപ്രകാരമുള്ള ഗുരുതര ലംഘനമാണ്. സേവനം നൽകാതെ ഇൻവോയ്സ് നൽകിയതായി തെളിയുകയാണെങ്കിൽ അതു ജിഎസ്ടി തട്ടിപ്പിന്റെ പരിധിയിൽ വരുമെന്നും ബന്ധപ്പെട്ട നിയമങ്ങൾപ്രകാരം നടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം ണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിനും ഇക്കാര്യത്തിൽ അന്വേഷണം നടത്തി കേസെടുക്കാൻ സാധിക്കും. സിഎംആർഎൽ കേസിലെ യഥാർഥ ഉത്തരവാദിത്വം പിണറായി വിജയനാണെന്നും ഷോൺ ജോർജ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ചതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. മുൻ ധവളപത്രങ്ങൾ പൊളിറ്റിക്കൽ രേഖ ആയിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് പിന്നാലെയാണ് പോര് ആരംഭിച്ചത്.
ധവളപത്രം തയാറാക്കിയത് ധനവകുപ്പ് അല്ലെന്നും ഇത് പൊളിറ്റികൾ രേഖ ആണെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ പ്രസ്താവന ആണെന്ന് മുഖ്യമന്ത്രി സഭയിൽ മറുപടി പറഞ്ഞു. ധവളപത്രം വായിച്ച് പോലും നോക്കിയിട്ടില്ല. പ്രതിപക്ഷ നേതാവിന് മുൻവിധിയാണെന്നും തങ്ങൾക്ക് തങ്ങളുടെ രീതി ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധവളപത്രം തയാറാക്കേണ്ടത് ധനവകുപ്പ് ആണെന്നും ഇത് തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിയോജിപ്പ് പ്രകടമാക്കിയിരുന്നു.
എന്നാൽ, ബാലഗോപാലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒരു രേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമധ്യത്തിൽ ഉള്ള രേഖകൾ ആണ് ഇതെല്ലാം. തയാറാക്കിയത് വകുപ്പ് ഉദ്യോഗസ്ഥർ ആണ്. മന്ത്രിസഭ അംഗീകരിച്ചതാണ് ധവള പത്രം. ഒരു രഹസ്യ രേഖയും ഇല്ല. ധനവകുപ്പിന്റെ നേതൃത്വത്തിലാണ് തയാറാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരേ ഡ്രൈവറുടെ മൊഴി. നവകേരള ബസ് ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് ബസ് ഡ്രൈവർ അഭിലാഷ് എസ്ഐടി സംഘത്തിന് മൊഴി നൽകിയത്.
നവകേരള ബസിന് നേരെ കല്ലേറുണ്ടായി എന്ന് പ്രതികൾ പറഞ്ഞത് കള്ളമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ബസിന് നേരെ കല്ലേറ് ഉണ്ടായെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ലെന്നും ബസ് ഡ്രൈവറുടെ മൊഴിയും പ്രതികൾക്കെതിരാണെന്നും എസ്ഐടി റിപ്പോർട്ടില്‍ പറയുന്നു.
ബസിന് കേടുപാടുകൾ സംഭവിച്ചതായി കെഎസ്ആര്‍ടിസി മെക്കാനിക്കൽ എഞ്ചിനീയറുടെ റിപ്പോർട്ടിലും ബസിന്റെ ഔദ്യോഗിക രേഖകളിലും ഇല്ലെന്നും എസ്ഐടി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികള്‍ മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദനമേറ്റവരെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മരണം വരെ സംഭവിക്കാവുന്ന മർദനമായിരുന്നു ഉണ്ടായതെന്ന് വിദഗ്ധ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. നരഹത്യശ്രമകുറ്റം ചുമത്തിയത് മെഡിക്കൽ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണെന്നും എസ്ഐടി വ്യക്തമാക്കുന്നു.
Kerala
ആലപ്പുഴ: തെരഞ്ഞെടുപ്പ് തോൽവിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നതിനെതിരേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായിയെ മാത്രം വ്യക്തിപരമായി ക്രൂശിക്കുന്നത് വലിയ നീതികേടാണ്. തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയന് മാത്രമല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ്എൻഡിപി മുഖപത്രമായ 'യോഗനാഥ'ത്തിലെ 'സഖാക്കളോട്...' എന്ന് തുടങ്ങുന്ന എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. കുറ്റങ്ങൾ പിണറായിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാകില്ല. ഇടതുപക്ഷത്തിന് സംഭവിച്ച പരാജയത്തിൽ സിപിഎം ആത്മപരിശോധനയും സ്വയംവിമർശനവും നടത്തണം. പത്ത് വർഷക്കാലം പിണറായി വിജയനെ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും വാഴ്ത്തിപ്പാടിയവർ തന്നെ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന് നേരെ ആക്ഷേപശരങ്ങൾ എറിയുകയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
പാർട്ടി ഓഫീസുകൾ ദല്ലാളുമാരും, കച്ചവടക്കാരും കൈയടക്കിയെന്നും വെള്ളാപ്പള്ളി വിമർശിച്ചു. അധികാര ലഹരിയിൽ പാർട്ടി നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നു. വിദ്യാർഥി നേതാക്കൾ മുതൽ ബ്രാഞ്ച്, ലോക്കൽ, ഏരിയ സെക്രട്ടറിമാർക്ക് വരെ അഹങ്കാരമായിരുന്നുവെന്നും ലേഖനത്തിൽ വിമർശനമുണ്ട്. സിപിഐ പലപ്പോഴായി സൃഷ്ടിച്ച അനാവശ്യ പ്രശ്നങ്ങളാണ് സർക്കാരിന്റെ ശോഭ കെടുത്തിയതെന്നും ലേഖനത്തിൽ പരാമർശമുണ്ട്.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അംഗികരിച്ചു. നിലവിലെ കേസുമായി ബന്ധപ്പെട്ട എഫ്ഐആർ ഉൾപ്പെടെയുള്ള രേഖകൾ മജിസ്ട്രേറ്റ് കോടതിയിലേക്ക് അയയ്ക്കും.
പ്രതികൾക്കെതിരെ വ്യോമയാന വകുപ്പ് നിലനിൽക്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കോടതി ഇത് അംഗീകരിച്ചു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറയാണ് കേസ് പരിഗണിക്കുന്നത്. വിമാനത്തിനുള്ളിൽ പിണറായിയെ പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് വ്യോമയാന വകുപ്പുകൾ ചുമത്തിയത്.
പ്രോസിക്യൂഷൻ അനുമതി തേടി പോലീസ് കേന്ദ്രത്തെ സമീപിച്ചപ്പോൾ ആവശ്യം തള്ളിയിരുന്നു. ഇതു കാരണം കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ഒഴിവാക്കി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ ഉൾക്കൊള്ളിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു. മൂന്നുവർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്തു കൊണ്ടെന്നു കോടതി പല തവണ ചോദിച്ചിട്ടും വ്യക്തമായ മറുപടി ഇതുവരെ നൽകാതെ അന്വേഷണം നടക്കുന്നു എന്നാണ് പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചിരുന്നത്.
2022 ജൂണ്‍ 13നാണ് കേസിനാസ്പ്ദമായ സംഭവം. മുഖ്യമന്ത്രി രാജീവയ്ക്കണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഫെർസീൻ മജീദ്, സെക്രട്ടറി നവീൻ കുമാർ എന്നിവരാണു പ്രതിഷേധിച്ചത്. വിമാനത്തിനുള്ളിൽ വച്ച് ഇവരെ സിപിഎം നേതാവ് ഇ. പി. ജയരാജൻ കൈയേറ്റം ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ മർദിച്ചെന്ന പരാതി അടിസ്ഥാന രഹിതമെന്ന് റെയിൽവേ പോലീസ്. ഡ്രൈവറെ മർദിച്ചിട്ടില്ലെന്നാണ് പോലീസ് വിശദീകരണം. സംഭവത്തിൽ ഇന്റലിജൻസ് മേധാവിക്ക് റെയിൽവേ പോലീസ് റിപ്പോർട്ട് നൽകി.
എകെജി സെന്ററിലെ ഡ്രൈവർ അനൂപ് തില്ലങ്കേരിക്കെതിരെ പോലീസിന്റെ കൈയേറ്റമുണ്ടായി എന്നായിരുന്നു പരാതി. പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനിടെയാണ് സംഭവം നടന്നത്.
‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായാണ് അനൂപ് പറയുന്നത്. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരാണ് കൈയേറ്റം ചെയ്തതെന്നായിരുന്നു പരാതി.
പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അനൂപ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ജയൻ, ശരത് എന്നീ പോലീസുകാരാണ് കൈയേറ്റം ചെയ്തതെന്നും പരാതിയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: പോലീസ് മർദിച്ചെന്ന പരാതിയുമായി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഡ്രൈവര്‍ പി. കെ. അനൂപ്. പോലീസുകാര്‍ കഴുത്തിന് പിടിച്ച് തള്ളിയെന്നാണ് അനൂപിന്റെ ആരോപണം. തുടര്‍ന്ന് ഡിജിപിക്ക് അനൂപ് പരാതി നല്കി.
ശനിയാഴ്ച വൈകുന്നേരം മൂന്നിന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം നടന്നത്. പിണറായി വിജയന്റെ ഡ്രൈവറാണെന്ന് മനസിലാക്കിയിട്ടും ആക്രമിച്ചു. ശരത്ത്, ജയന് എന്നീ പോലീസുകാരാണ് മര്‍ദ്ദിച്ചതെന്നും അനൂപ് പറഞ്ഞു. 'വണ്ടി എടുത്ത് മാറ്റെടാ' എന്ന് പറഞ്ഞാണ് പിടിച്ചു തള്ളിയതെന്ന് പരാതിയില്‍ പറയുന്നു.
എകെജി സെന്ററിലെ വാഹനത്തിലെ ഡ്രൈവറാണ് അനൂപ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചതിനുശേഷം പിണറായി വിജയന് ഉപയോഗിക്കുന്നത് എകെജി സെന്ററിലെ വാഹനമാണ്.
Kerala
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലെ പോലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു.
പ്രതികൾക്കെതിരെ ചുമത്തിയ വ്യോമയാന വകുപ്പുകൾ ഒഴിവാക്കിയുള്ള റിപ്പോർട്ടാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചത്. യുഡിഎഫ് സർക്കാർ വന്ന ശേഷമാണ് ഈ വകുപ്പ് ഒഴിവാക്കിയത്.
2022 ജൂൺ 13നായിരുന്നു സംഭവം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 ഉള്ളിൽവച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഫർസീൻ മജീദ്, ആർ.കെ. നവീൻകുമാർ, സുനിത് നാരായണൻ എന്നീ യൂത്ത് കോൺഗ്രസുകാർക്കെതിരെയാണ് കേസെടുത്തത്.
Kerala
തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡുമായി ബന്ധപ്പെട്ടു സിപിഎം നടത്തിയ അക്രമ സമരത്തെ ന്യായീകരിച്ചു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
എല്ലായിടത്തും ഇഡി റെയ്ഡ് നടന്നപ്പോൾ എത്ര ശാന്തമായിട്ടാണ് സിപിഎം പ്രവർത്തകർ പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചതായാണ് കാണുന്നതെന്നും നിയമസഭയിലെ മീഡിയ റൂമിൽ നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി പിണറായി വിജയൻ പറഞ്ഞു.
വീട്ടിലെത്തിയ ഇഡി ഉദ്യോഗസ്ഥർ തന്നോട് ഒന്നും ചോദിച്ചില്ലെന്നും പിണറായി വിജയൻ പറഞ്ഞു. താൻ മുഴുവൻ സമയവും വീട്ടിലുണ്ടായിരുന്നു. എന്നോടൊന്നും ചോദിക്കുന്നതായി കണ്ടില്ല. വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തു. ബിജെപി ഇതര സർക്കാരുകളോട് എത്ര കഠിനമായ നീക്കങ്ങളാണ് ഇഡി നടത്തുന്നത്.
എത്ര വൃത്തികെട്ട നിലപാടാണ് ഇഡിയെ ഉപയോഗിച്ചു ബിജെപി സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം അവരുടെ കാര്യത്തിലാകുന്പോൾ ഒരു നിലപാടും മറ്റൊരാളുടെ കാര്യമാകുന്പോൾ വ്യത്യസ്ത നിലപാടുമാണ് സ്വീകരിക്കുക. ഇതാണ് പ്രതിഷേധാർഹം. എന്നാൽ, കൂടുതൽ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
കേന്ദ്ര സർക്കാരുമായി സംസ്ഥാനം നല്ല ബന്ധം സൂക്ഷിക്കുന്നതിൽ തെറ്റില്ല. നല്ല ബന്ധം സൂക്ഷിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ തെറ്റുപറയാൻ കഴിയില്ല. എന്നാൽ, സാന്പത്തിക ഫെഡറലിസത്തിൽ സംസ്ഥാനത്തിന്റെ കടയക്കൽ കത്തിവയ്ക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയാൻ കഴിയും.
മറ്റു ബിജെപി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളുടെ കാര്യത്തിലും ഇതു തന്നെയായിരുന്നു അനുഭവം. നരേന്ദ്രമോദിയുടെ ബ്ലു ഇക്കോണമിയെ ആണോ യുഡിഎഫ് സർക്കാർ പിന്തുണയ്ക്കാൻ പോകുന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്തണം.
5429 കോടി രൂപ ഖജനാവിൽ നീക്കിയിരുപ്പു വച്ചാണ് എൽഡിഎഫ് സർക്കാർ പടിയിറങ്ങിയത്. നയപ്രഖ്യാപനത്തിൽ ധവളപത്രത്തെക്കുറിച്ചു പരാമർശിച്ചു കാണുന്നു. സംസ്ഥാനത്തിന്റെ സാന്പത്തിക നില അപകടകരമായിരുന്നുവെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
സംസ്ഥാനത്തിന്റെ പൊതുകടം കഴിഞ്ഞ അഞ്ചു വർഷം കൊണ്ടു കുറച്ചുകൊണ്ടുവരാനായി. 2021ൽ 39 ശതമാനമായിരുന്നു പൊതുകടം. 2026ൽ ഇത് 34 ശതമാനമായി കുറച്ചു കൊണ്ടുവരാനായതായും പിണറായി വിജയൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭയിൽ വന്ദേമാതരം പകുതി മാത്രം ആലപിച്ച നടപടിയെ അഭിനന്ദിച്ചു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരം മുഴുവൻ ചൊല്ലേണ്ടത് ആർഎസ്എസ് അജൻഡയാണ്.
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചിരുന്നു. ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിക്കേണ്ടതില്ല.
ഈരടികൾ ചൊല്ലിയാൽ മതിയാകും. ദേശീയഗാനം ചൊല്ലുന്പോൾ എഴുന്നേറ്റ് നിൽക്കേണ്ടതുണ്ട്.
വന്ദേമാതരം ചൊല്ലുന്പോൾ എഴുന്നേറ്റു നിൽക്കേണ്ടതില്ല. എല്ലാവരും എഴുന്നേറ്റു നിന്നതു കൊണ്ടാണ് എഴുന്നേറ്റതെന്നും പിണറായി പറഞ്ഞു.
Kerala
തിരുവനന്തപുരം : ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നയരാഹിത്യത്തിന്റെ പ്രസംഗമാണ് ഗവർണർ നടത്തിയതെന്ന് അദ്ദേഹം വിമർശിച്ചു.
കേന്ദ്രവുമായി ബന്ധപ്പെട്ട് പറയേണ്ട കാര്യങ്ങൾ പറഞ്ഞില്ല. മൗനം പാലിച്ചു. സംസ്ഥാനത്തിന് അർഹമായതു നഷ്ടമാകും. കേന്ദ്രത്തോട് ചോദിച്ചു വാങ്ങേണ്ടതിനെ കുറിച്ച് മൗനം. കേന്ദ്രത്തിൽ നിന്നു ചോദിച്ചു വാങ്ങേണ്ടതു ചോദിച്ചു തന്നെ വാങ്ങണം.
സമഗ്ര വികസനത്തെ കുറിച്ചുള്ള എൽഡിഎഫ് സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് നയ പ്രഖ്യാപനത്തിൽ പരാമർശം ഇല്ല. 5240 കോടി നീക്കിയിരിപ്പ് വച്ചിട്ടാണ് എൽഡിഎഫ് സർക്കാർ പടിയിറങ്ങിയത്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് അവർ ഒളിച്ചോടിയതായും പിണറായി വിമർശിച്ചു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡിലും തുടർന്നുള്ള സംഭവങ്ങളിലും മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലും കേരളത്തിലും മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചിട്ടും വിഷയത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
ബക്രീദ് ആശംസിക്കാനായി പാണക്കാട്ടെത്തിയ ശേഷമായിരുന്നു മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് മലബാറിൽ എത്തുന്നതെന്നും വിശേഷ ദിവസത്തിലാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇഡി റെയ്ഡിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
നേരത്തെ, ഡൽഹിയിൽ മാധ്യമപ്രവർത്തകർ നാലുതവണയായി വിഷയത്തെക്കുറിച്ച് ചോദിച്ചെങ്കിലും മറുപടി നല്‍കിയിരുന്നില്ല.
റെയ്ഡിന് പിന്നിൽ ബിജെപി- കോൺഗ്രസ് കൂട്ടുകെട്ടാണെന്നും വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് റെയ്ഡെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേര്‍ കൂടി അറസ്റ്റിൽ. നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദേശി അനിൽ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ബുധനാഴ്ച രാത്രിയോടെ അഞ്ച് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ 300 പേര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിലവിൽ കുറച്ചുപേർക്കെതിരെ മാത്രമാണ് നടപടിയെടുത്തിട്ടുള്ളതെങ്കിലും കണ്ടാലറിയാവുന്ന ഒട്ടേറെ പേർക്കെതിരെ ഇനിയും കേസുകൾ വരാൻ സാധ്യതയുണ്ട്. കേസിലെ പ്രതികളായ മുൻ കൗൺസിലർമാരായ ആറ്റുകാൽ ഉണ്ണി, ഐ.പി. ബിനു എന്നിവരെ തിരഞ്ഞ് പോലീസ് ഇവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു.
Kerala
തിരുവനന്തപുരം: ഇഡി റെയ്ഡ് കൊണ്ടൊന്നും തങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്നും തളർത്തിക്കളയാമെന്നു വ്യാമോഹിക്കേണ്ടെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ.
എല്ലാക്കാലത്തും പ്രതിസന്ധികളുണ്ടായപ്പോൾ പാർട്ടിക്കു പ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടായിട്ടുണ്ട്. അതിന് ഒരു കുറവും ഒരു ചാഞ്ചല്യവും ഉണ്ടായിട്ടില്ലെന്നു സഖാക്കൾ കാട്ടിത്തന്നു. ഏതിനെയും നേരിടാൻ ഒന്നിച്ചു നമുക്കിറങ്ങാം.
ഇഡി നടപടി ചിലർക്കെല്ലാം വലിയ മനഃസംതൃപ്തി നൽകുമെന്നു തോന്നുന്നു. പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെ പോലുള്ളവർക്ക്. എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി ഈയടുത്ത കാലത്താണല്ലോ ചോദിച്ചത്.
പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാക്കൾക്കുമെതിരേ കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് എല്ലാക്കാലത്തും ബിജെപി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. ഇതിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയർന്നു വന്നിട്ടുണ്ട്.
തങ്ങളുടെ പാർട്ടിക്കാരല്ലാത്തവർക്കെതിരെയുള്ള കടന്നുകയറ്റം ആയിക്കോട്ടെ എന്ന നിലപാടാണു കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഇതുകൊണ്ടൊന്നും തങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.